ജയ്പൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും താളപിഴവുകളുമുണ്ടെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ. യഥാര്‍ത്ഥത്തില്‍ അമിത് ഷായുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹവുമായി ഇപ്പോഴും നല്ല ബന്ധം തന്നെയാണെന്നും വസുന്ധരെ രാജെ പ്രതികരിച്ചു.
രാജസ്ഥാനിലെ ബിജെപി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വസുന്ധരെ രാജെയും അമിത് ഷായും തമ്മില്‍ അഭിപ്രായം വ്യത്യാസം ഉടലെടുത്തതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി ഏതാണ്ട് രണ്ട് മാസത്തോളം സമയം സംസ്ഥാന നേതൃത്വത്തിന് വേണ്ടിവന്നിരുന്നു. അമിത് ഷാ നല്കിയ ലിസ്റ്റിലുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങിനെ പാര്‍ട്ടി അധ്യക്ഷനാക്കുന്നതില്‍ വസുന്ധരെ രാജെക്ക് അസംതൃപ്തിയുണ്ടായിരുന്നു.
ഇതിന് പിന്നാലെ സംസ്ഥാന നേതൃത്വം മദന്‍ലാല്‍ സെയ്നിയെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു. അമിത് ഷാ രാജസ്ഥാനില്‍ നടത്തിയ റാലിയിലൊന്നും വസുന്ധരെ രാജെയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. സെപ്തംബര്‍ 16 ന് ജോധ്പൂരില്സംഘടിപ്പിച്ച യുവ സമ്മേളന റാലിയിലും വസുന്ധരെ രാജെ പങ്കെടുത്തിരുന്നില്ല. ഇതാണ് പ്രചാരണത്തിന് ഇടയാക്കിയത്.
ബിജെപി കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ട് തട്ടിലാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അമിത് ഷായുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു രാജസ്ഥാന് ബിജെപി എംഎല്‍എയും മുന്‍കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്റെ മകനുമായ മാനവേന്ദ്രസിങ് ബിജെപി വിട്ടത്. വസുന്ധരെ രാജെ സര്‍ക്കാരിന് കീഴില്‍ ജനങ്ങള്‍ സംതൃപ്തരല്ലെന്നും ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.