ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മരുന്നു വ്യാപാരം നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമഭേദഗതിക്കെതിരെ കടയടപ്പ് സമരത്തിനൊരുങ്ങി മരുന്നു കടകള്‍. ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് ഇ ഫാര്‍മസി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് ഔഷധവ്യാപാരികളുടെ ആരോപണം. കേന്ദ്ര നയത്തിനെതിരെ രാജ്യവ്യാപകമായി നാളെ മരുന്നു കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.
മയക്കുമരുന്നുകളും ഉത്തേജകങ്ങളും ഉള്‍പ്പെടെയുള്ള മരുന്നുകള്‍ യുവാക്കള്‍ക്ക് യഥേഷ്ടം ലഭ്യമാവാന്‍ വഴിയൊരുക്കുന്നതാണ് ഇ ഫാര്‍മസി നയമെന്നാണ് ഓള് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന് ആരോപിക്കുന്നത്. നിബന്ധനകളും നിയമങ്ങളും പാലിച്ച് റിട്ടെയില്‍ മരുന്നു കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഓണ്‍ലൈന്‍ മരുന്നു വ്യാപാര കേന്ദ്രങ്ങള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഒന്നും ബാധകമാകുന്നില്ല. രാജ്യത്ത് എവിടെയെങ്കിലും റജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനത്തിന് എവിടെ വേണമെങ്കിലും മരുന്ന് എത്തിക്കാന്‍ സാധിക്കും.
ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള വാക്സിനുകള്‍, കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍, ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ എന്നിവ ഇഫാര്‍മസി വഴി നല്‍കരുതെന്ന കേരളത്തിന്റെ ശുപാര്‍ശയും കരട് നിയമത്തില്‍ പരിഗണിച്ചിട്ടില്ല. ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതു ദോഷം ചെയ്യുമെന്ന ആശങ്കയും ഉയരുന്നു. മയക്കുമരുന്നുകള്‍, ലഹരി കലര്‍ന്ന മരുന്നുകള്‍, മനഃക്ഷോഭത്തിനുള്ള മരുന്നുകള്‍, ഷെഡ്യൂള്‍ ‘എച്ചില് പെടുന്ന ആന്റിബയോട്ടിക്കുകള്‍ എന്നിവ വില്ക്കുന്നതിനു മാത്രമേ ഓഗസ്റ്റ് 28നു പുറപ്പെടുവിച്ച കരട് ഭേദഗതിയില്‍ വിലക്കുള്ളൂ.
എന്നാല്‍ ഇത് ആവശ്യക്കാരന് രഹസ്യമായി ലഭിക്കുന്നുണ്ടോ എന്നതു പരിശോധിക്കാന്‍ നിലവില്‍ ഒരു സംവിധാനവുമില്ല. ഓണ്‍ലൈന്‍ സ്ഥാപനത്തിനു മേല്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്കും നിയന്ത്രണം ഇല്ല. രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പരിശോധനയും നടക്കുന്നത്, നിയമഭേദഗി വിലവര്‍ധനയ്ക്കും ഇടയാക്കും. നിയമഭേദഗതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നടപ്പാക്കുന്ന പ്രതിഷേധത്തിന്റെ ആദ്യ സൂചനയായാണ് വെള്ളിയാഴ്ച നടക്കുന്ന കടയടപ്പ് സമരവും.