ന്യൂഡല്‍ഹി: സര്‍ക്കാരും പ്രതിപക്ഷവും അഴുകിയ ഭാഷയാണ് ഉപയോഗിച്ചു വരുന്നതെന്ന് ബാബ രാംദേവ്. നിലവിലുള്ള ഇന്ത്യയിലെ രാഷ്ട്രീയം വൃത്തികെട്ടതാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇരുപാര്‍ട്ടികളുടെയും ഈ രീതി രാജ്യത്തിനു തന്നെ ദോഷമാണെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. താന്‍ അരാഷ്ട്രീയവാദിയാണെന്നും ഒരു പാര്‍ട്ടിയോടും തനിക്ക് ചായ്വ് ഇല്ലെന്നും അദ്ദേഹം പറയുന്നു.
എന്റെ പ്രവര്‍ത്തനം മത രംഗത്താണ്, താന്‍ പ്രധാന്യം നല്‍കുന്നത് അതിനാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയം പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്, വികസനം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, നയങ്ങള്‍, കാര്‍ഷികം, എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ അവര്‍ ചര്‍ച്ച നടത്തട്ടെയെന്നും റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ്-ബിജെപി പ്രചാരണങ്ങളെ ഉദ്ധരിച്ച് ബാബ രാംദേവ് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ച് വരികയാണ്. എന്തിനാണ് താന്‍ ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. എല്ലാ പാര്‍ട്ടികളെയും ഒരുപോലെ കാണുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. പക്ഷേ എന്റെ കാഴ്ചപ്പാടില്‍ അദ്ദേഹം ചില നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ക്ലീന്‍ ഇന്ത്യ പദ്ധതിയടക്കമുള്ളവയാണത്. പ്രധാനമായും ഉന്നയിക്കാന്‍ അഴിമതി ആരോപണങ്ങളില്ല എന്നത് അദ്ദേഹത്തിന്റെ നേട്ടമായി തന്നെ കാണണമെന്നുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.