ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റ തിരിച്ചറിയില്‍ കാര്‍ഡായി കൊണ്ടു വന്ന ആധാറിന് ഒടുവില്‍ സുപ്രീംകോടതിയുടെ അംഗീകാരം. നിയന്ത്രണങ്ങളോടെയാണ് ആധാറിനുള്ള അംഗീകാരം. ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അഞ്ച് ജഡ്ജിമാരാണ് ഉള്ളത്. അഞ്ചംഗ ബെഞ്ചിന്റേതായി മൂന്ന് വിധികളുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എകെസിക്രി, ഖാന്‍വില്‍ക്കര്‍ എന്നീ മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് ഒരു വിധിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിധി പ്രസ്താവം സിക്രി നടത്തുകയാണ്. മറ്റ് ജഡ്ജിമാരായ ഡിവൈ.ചന്ദ്രചൂഡും അശോക് ഭൂഷണും വേവ്വെറെ വിധികള്‍ തയ്യാറാക്കിയിട്ടുണ്ട്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് പേര് ചേര്‍ന്ന് തയ്യാറാക്കിയ വിധിയാകും ഭൂരിപക്ഷം നേടുക.
ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ആവകാശപ്പെടാനാകില്ലെന്നും, ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണെന്നും സുപ്രീംകോടതി ചൂണ്ടികാണിച്ചു. വളരെ ചെറിയ തോതിലുള്ള ബയോമെട്രിക് ഡാറ്റയും മറ്റു വിവരങ്ങളും മാത്രമാണ് ആധാറിനായി ജനങ്ങളില്‍നിന്ന് സ്വീകരിക്കുന്നുള്ളൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, താഴെത്തട്ടിലുള്ള സമൂഹത്തിന് വ്യക്തിത്വം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍ എന്നും കോടതി വ്യക്തമാക്കി.