ന്യൂഡല്‍ഹി: രാജ്യസഭ അംഗത്വ പദവിയില്‍ അയോഗ്യത നേരിടുന്ന ശരത് യാദവിന് സുപ്രീംകോടതി നോട്ടീസ്. രാജ്യസഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ ശരത് യാദവിന്റെ വിശദീകരണം തേടിയാണ് സുപ്രീംകോടതി നോട്ടീസ്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും ജസ്റ്റീസ് എകെ സിക്രി, ജസ്റ്റീസ് അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
അയോഗ്യതയുമായി ബന്ധപ്പെട്ട ഹര്‍ജി രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നും ഡല്‍ഹി ഹൈക്കോടതിയോട് സുപ്രീംകോടതി ഉത്തരവിട്ടു. നിതീഷ് കുമാറിനെ എതിര്‍ത്ത് ജെഡിയു പിളര്‍ത്തിയതിനു പിന്നാലെയാണ് ശരത് യാദവിന്റെ രാജ്യസഭാംഗത്വം റദ്ദാക്കിയത്. ഇതിനെതിരെ ശരത് യാദവ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ജെഡിയു നേതാവ് രാം ചന്ദ്ര പ്രസാദ് സിംഗ് നല്കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി നടപടി. കഴിഞ്ഞ ഡിസംബറിലാണ് ശരദ് യാദവിനെയും അലി അന്‍വറിനേയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അയോഗ്യരാക്കിയത്. 2016ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യാദവിന് 2022 കാലാവധി ഉണ്ടായിരുന്നു.