മുംബൈ: ഗണേശോത്സവ നിമഞ്ജന ചടങ്ങിനു പിന്നാലെ മുംബൈയിലെ കടല്‍ തീരത്ത് ചത്തടിഞ്ഞത് ആയിരക്കണക്കിന് മത്സ്യകുഞ്ഞുങ്ങള്‍. സെപ്റ്റംബര്‍ 20,21 തിയതികളിയിലായാണ് കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരത്ത് ചത്തടിഞ്ഞത്. ഗണേശ നിമജ്ഞന ചടങ്ങ് കഴിഞ്ഞ് കടല്‍തീരം വൃത്തിയാക്കാന്‍ എത്തയ വളണ്ടിയര്‍മാരാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ തീരത്ത് ചത്തടിഞ്ഞത് ആദ്യം കണ്ടത്.
പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ട് ഉണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്തതാണ് ഇതിന് കാരണമെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ട് ഉണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്യുന്നത് വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തര്‍ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വകവെയ്ക്കാതെയായിരുന്നു നിമഞ്ജനം.
വിഗ്രഹങ്ങള്‍ തയ്യാറാക്കാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റര്‍ ഓഫ് പാരിസും നിറങ്ങളും അത്രപെട്ടെന്ന് വെള്ളത്തില്‍ ലയിക്കില്ല. ജീര്‍ണ്ണിക്കുകയും ഇല്ല. ഇവ വെള്ളത്തില്‍ അലിയാന്‍ തന്നെ മാസങ്ങളെടുക്കും. ജലജന്തുക്കളെ ഇത് സാരമായി തന്നെ ബാധിക്കും. ‘- ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സൈന്റിഫിക് എഞ്ചിനിയറിങ് ആന്‍ഡ് ടെക്നോളജി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ഗണേശചതുര്‍ത്ഥി ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. പത്ത് ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഗണപതിയുടെ വിവിധ വര്‍ണത്തിലുള്ള പ്രതിമകള്‍ ഭക്തര്‍ നിര്‍മ്മിച്ചെടുക്കുകയും പത്ത് ദിവസം ഗണപതിയുടെ വിഗ്രഹത്തില്‍ പൂജയും പുഷ്പങ്ങളും അര്‍പ്പിക്കുകയും നാല് ഘട്ടങ്ങളിലായി നടത്തുന്ന പൂജകളുടെ അവസാനത്തെ ദിവസത്തില്‍ ഗണേശ വിഗ്രഹം നദിയിലോ കടലിലോ ഒഴുക്കുകയുമാണ് ചെയ്യുന്നത്.