ചെന്നൈ: ബഹുജനപ്രക്ഷോഭവും ജീവത്യാഗവും ഫലം കണ്ടു. അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വീണ്ടും തുറക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാറിന്റെ ഉറപ്പ്.
പ്ലാന്റ് അടച്ചുപൂട്ടിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഫിഷറീസ് മന്ത്രി ഡി ജയകുമാറാണ് അറിയിച്ചത്. സര്‍ക്കാര്‍ നടപടിക്കെതിരെ വേദാന്ത ഗ്രൂപ്പ് നല്കിയ ഹര്‍ജിയില്‍ ഹരിത ട്രിബ്യൂണല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ രംഗത്തെത്തിയത്. ശക്തമായ ജനകീയ പ്രക്ഷോഭമാണ് പ്ലാന്റിനെതിരെ തമിഴ്നാട്ടില്‍ അരങ്ങേറിയത്.
നേരത്തെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ 99 ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മെയ് 22 ന് നടന്ന പോലീസ് വെടിവെയ്പ്പില്‍ 13 പേര് മരിച്ചിരുന്നു. സമരക്കാര്‍ക്ക് നേരെയുള്ള പോലീസ് വെടിവെയ്പ്പിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
സിനിമാ താരങ്ങളടക്കമുള്ള പ്രമുഖര്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. ഒടുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നതടക്കമുള്ള നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നതോടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.