അല്‍വാര്‍: പാല് തരുന്ന പശുവിനെ കൊണ്ട് വരുന്നതില്‍ എന്ത് നിയമവിരുദ്ധതയാണുള്ളത്? അക്രമികളെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് അക്തറിന്റെ കുടുംബം രംഗത്ത്. പശു കടത്തിയെന്നാരോപിച്ച് പശുസംരക്ഷകര്‍ കഴിഞ്ഞ ദിവസമാണ് ക്രൂരമായി അക്തറിനെ കൊലപ്പെടുത്തിയത്. അക്തറിനെ ആശ്രയിച്ച് ജീവിച്ചിരുന്ന ഏഴ് കുട്ടികള്‍ അടങ്ങുന്ന കുടുംബമാണ് സംരക്ഷകര്‍ ആരുമില്ലാതെ അനാഥമായത്.
അക്തറിന്റെ മൂത്ത മകളായ സാഹിലയ്ക്ക് 14 വയസ്സും, ഇളയവളായ അഷേറയ്ക്ക് 2 വയസ്സുമാണ്. ഇവരെ ഇനി സംരക്ഷിക്കേണ്ടത് അക്രത്തിന്റെ ഭാര്യയായ അസ്മാനിയുടെ ഒറ്റയ്ക്കുള്ള ഉത്തരവാദിത്വമാണ്. ”അക്രമികളെ തൂക്കിലേറ്റണം. പാല് തരുന്ന പശുവിനെ കൊണ്ട് വരുന്നതില്‍ എന്ത് നിയമവിരുദ്ധതയാണുള്ളത്?. ഞങ്ങളുടെ ലോകമാണ് അവര്‍ ഇല്ലാതാക്കിയത്” അസ്മാനിയ മാധ്യമങ്ങളുടെ മുമ്പില്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. തങ്ങള്‍ക്ക് നീതി വേണമെന്നും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും അക്തറിന്റെ അച്ഛനായ സുലൈമാനും ആവശ്യപ്പെട്ടു.
സംഭവത്തില്‍ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത് രണ്ട് പേരെയാണ്. ദൃക് സാക്ഷികള്‍ പറയുന്നത് അനുസരിച്ച് അക്രത്തിനെ ആക്രമിച്ചവര്‍ പശുക്കളെ കൈക്കലാക്കുകയും, വില്‍ക്കുകയും ചെയ്തു. ഹരിയാനയിലെ കൊല്‍ഗ്നാവ് ഗ്രാമത്തില്‍ നിന്നും രാംഗറിലെ ലാല്‍വാന്ദി ഗ്രാമത്തിലേക്ക് പശുവുമായി വരികയായിരുന്നു അക്രം. അല്‍വാറില്‍ തന്നെ കഴിഞ്ഞ വര്‍ഷം പശുക്കടത്തിന്റെ പേരില്‍ മധ്യവയസ്കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.