ശ്രീനഗര്‍: പോലീസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയവര്‍ക്കു നേരെ നിറയൊഴിച്ച് സൈന്യം. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ കുല്ഗ്രാമിലാണ് സൈന്യവും ഭീകരറും തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട പോലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫ്, കരസേന, പോലീസ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷന് നടത്തുന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നാലുതീവ്രവാദികള്‍ കൂടി ഇവിടെയുണ്ടെന്നാണ് സുരക്ഷാസേന സംശയിക്കുന്നത്.
അതിനിടെ സൈനികനടപടിക്കിടെ സുരക്ഷാസേനയ്ക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസുകാരനെ വധിച്ച ഭീകരരാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതെന്നാണ് വിവരങ്ങള്‍. രണ്ടുദിവസം മുമ്പാണ് സലീം അഹമ്മദ് ഷാ എന്ന പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.