ചെന്നൈ: ദലിത് സ്ത്രീയെ സര്‍ക്കാര്‍ സ്കൂളിലെ പാചകക്കാരിയായി നിയമിച്ച സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം ആര്‍ത്തിരമ്പുന്നു. പാചകം ചെയ്യാനുള്ള പാത്രങ്ങള്‍ വലിച്ചെറിഞ്ഞും, സ്കൂളിനു മുന്പില് കുത്തിയിരുപ്പു സമരവും നടത്തുകയാണ് രക്ഷിതാക്കള്‍. സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കേസെടുത്തു.
ദലിത് പാചകക്കാരി വീണ്ടും ജോലിയില്‍ പ്രവേശിച്ചതോടെ 30 രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ സ്കൂളിലയക്കാന് തയാറായില്ല. തിരുപ്പൂര്‍ ജില്ലയിലാണ് തമിഴ്നാട്ടിലെ ജാതി വിവേചനത്തിന്റെ നേര്‍ചിത്രമായ സംഭവം നടന്നത്. തിരുമാല ഗൗണ്ടന്പാളയം സര്‍ക്കാര്‍ ഹൈസ്കൂളിലെ പാചക്കാരിയായി അരുന്തതിയാര്‍ വിഭാഗത്തില്‍പ്പെട്ട പി പപ്പലിനെ നിയമിച്ചതിനെതിരെയാണു മറ്റു ജാതിക്കാര്‍ രംഗത്തുവന്നത്. പപ്പലിനെ പാചകക്കാരിയായി നിയമിക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് ഇവര്‍ പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു.
അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. പപ്പലിന്റെ പരാതിയില്‍ 87 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി, വര്‍ഗ പീഡന വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പുകളും ചേര്‍ത്താണു കേസ്. 12 പ്രധാന പ്രതികള്‍ ഒളിവിലാണ്. ജില്ലാ ഭരണകൂടം ഇടപെട്ടു പപ്പലിനു സുരക്ഷിതമായി ജോലി ചെയ്യാനുള്ള സംവിധാനമൊരുക്കി.