ന്യൂഡല്‍ഹി: ഓഹരിവിപണിയില്‍ വീണ്ടും വന്‍ ഇടിവ്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് രൂപയുടെ മൂല്യം തകരുന്നത്. നിക്ഷേപകരുടെ 3.62 ലക്ഷം കോടി രൂപയാണ് വിപണിയില്‍നിന്ന് നഷ്ടമായത്. മുംബൈ ഓഹരിവിപണി സൂചിക സെന്‍സെക്സ് ബുധനാഴ്ച 169.45 പോയിന്റ് ഇടിഞ്ഞ് 37,121ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ചൈനഅമേരിക്ക വ്യാപാരയുദ്ധം, ഉയരുന്ന ഇന്ധനവില, രൂപയുടെ വിലയിടിവ് എന്നിവയാണ് ഓഹരിവിപണിയെ തകര്‍ത്തത്. മൂന്നു ദിവസത്തില്‍ 970 പോയിന്റോളമാണ് (2.5 ശതമാനം) ഇടിഞ്ഞത്. ദേശീയ ഓഹരിവിപണി സൂചിക നിഫ്റ്റി 45 പോയിന്റ് താഴ്ന്ന് 11,234ല്‍ എത്തി. ബാങ്ക്, ഓട്ടോമൊബൈല്‍, ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍ എന്നിവയുടെ ഓഹരികള്‍ക്കാണ് തകര്‍ച്ച.
ചൊവ്വാഴ്ച വ്യാപാരത്തിനിടെ ഡോളറിന് 72.99 എന്ന തോതില്‍ വരെ എത്തിയ രൂപയുടെ നില ബുധനാഴ്ച അല്‍പ്പം മെച്ചപ്പെട്ടു. ഡോളറിന് 72.70 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. മൂല്യം 27 പൈസ ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ കൈവശം മതിയായ വിദേശനാണ്യശേഖരമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതാണ് രൂപയുടെ തകര്‍ച്ചയ്ക്ക് തടയിട്ടത്. രൂപയെ രക്ഷിക്കാന്‍ വിപണിയില്‍ 2500 കോടി ഡോളര്‍ വിറ്റഴിച്ചാലും 10,000 കോടി ഡോളറെങ്കിലും റിസര്‍വ്ബാങ്കിന്റെ കരുതല്‍ശേഖരത്തില്‍ ഉണ്ടായിരിക്കുമെന്ന് എസ്ബിഐ, നോമുറ ഹോള്‍ഡിങ്സ് എന്നിവയുടെ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.