മുംബൈ; യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നതിനെ തുടര്‍ന്ന് 166 യാത്രക്കാരുമായി മുംബൈ-ജയ്പ്പൂര്‍ ജെറ്റ് എയര്‍വേയ്സ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. സാങ്കേതിക വിഭാഗത്തിന് പറ്റിയ അബദ്ധത്തെ തുടര്‍ന്ന് വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറഞ്ഞതാണ് രക്തസ്രാവത്തിന് കാരണമായത്.
വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. മര്‍ദം താണതിനെത്തുടര്‍ന്ന് ഓക്സിജന്‍ മാസ്ക്കുകള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. 30 പേരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. നിരവധിപ്പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു.
വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായും അധികൃതര്‍ അറിയിച്ചു. കൃത്യവിലോപം കാട്ടിയ ജീവനക്കാരെ സസ്പെന്‍ഡു ചെയ്തതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.