വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കു സമയം നല്‍കാത്തതിന്റെ പേരില്‍ യുവതി ബസിനു തീയിട്ടു. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (യുപിഎസ്ആര്‍ടിസി) ലക്ഷ്വറി ബസിനാണ് യുവതി തീകൊളുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് വന്ദന രഘുവാന്‍ഷി എന്ന യുവതി അറസ്റ്റിലായി. വാരാണസിയിലെ കന്റോണ്‍മെന്റ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
ഉത്തര്‍പ്രദേശ് വിഭജിച്ച് പൂര്‍വാഞ്ചല്‍ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായാണ് പ്രധാനമന്ത്രിയെ കാണാന്‍ വന്ദന എത്തിയത്. ലക്നോവിലേക്കുള്ള ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്ന സമയത്തായിരുന്നു പെട്രോളൊഴിച്ച് ബസിനു തീകൊളുത്തിയത്.
എന്നാല്‍ യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിക്കാനായി. വോള്‍വോ ബസ് പൂര്‍ണമായും കത്തിനശിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15 ന് ഇതേ ആവശ്യം ഉന്നയിച്ച് വന്ദന നിരാഹാര സമരം നടത്തിയിരുന്നു.