ഹൈദരാബാദ്: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പുതിയ വെളിപ്പെടുത്തല്‍. നല്‍ഗോണ്ട സ്വദേശി പ്രണയ് കുമാറാണ് അമൃത വര്‍ഷിണിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടത്.
ദൃശ്യം സിനിമ മോഡലിലാണ് കൊലപാതകം പ്ലാന്‍ ചെയ്തതെന്ന് പെണ്‍കുട്ടിയുടെ പിതാവായ മാതവ റാവു പോലീസിന് മൊഴി നല്കി. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ സിനിമയുടെ കന്നട റീമേക്കില്‍ വെങ്കിടേഷ് ആയിരുന്നു നായകന്. കൃത്യം നടന്ന സമയത്ത് താന്‍ മറ്റൊരിടത്തായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ സിനിമയില്‍ നിന്ന് പ്രചോദനം ലഭിച്ചുവെന്നാണ് മാതവ റാവുവിന്റെ വെളിപ്പെടുത്തല്‍.
”ദൃശ്യം സിനിമയിലേത് പോലെ തന്നെ നിഷ്കളങ്കമായിട്ടാണ് പ്രതി പെരുമാറിയത്. കൊലപാതകം നടക്കുന്ന സെപ്റ്റംബര്‍ 14 ന് രണ്ട് മണിക്കൂര്‍ മുമ്പ് ഇയാള്‍ നല്‍ഗോണ്ടയിലെ ജോയിന്റ് കളക്ടറുടെ ഓഫീസില്‍ എത്തിയിരുന്നു. കൊല നടക്കുന്ന സമയം താന്‍ അവിടെ ഇല്ലായിരുന്നു എന്ന് തെളിവ് സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഈ നാടകം. അതേ ദിവസം തന്നെ ജില്ലാ എസ്പിയെയും ആര്‍ഡിഒയെ കാണാനും മാതവ റാവു പോയിരുന്നു.” നല്‍ഗോണ്ട പോലീസ് സൂപ്രണ്ട് രംഗനാഥ് പറയുന്നു.
ഗര്‍ഭിണിയായ അമൃത വര്‍ഷിണിയും പ്രണയും ആശുപത്രിയില്‍ പോയി മടങ്ങി വരുന്ന സമയത്താണ് പുറകില്‍ നിന്നും വടിവാളുമായി എത്തിയ ആള് വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് ആറുമാസം മുമ്പ് ഇവര്‍ വിവാഹിതരായത്. ഒരു കോടി രൂപയ്ക്കാണ് കൊലപാതകത്തിന് കൊട്ടേഷന്‍ നല്‍കിയതെന്ന് മാതവ റാവു പോലീസിന് മുന്നില്‍ സമ്മതിച്ചു.
പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിനോട് അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു. അതുകൊണ്ടുതന്നെ അമൃതവര്‍ഷിണിയുടെ കുടുംബത്തിന്റെ ദുരഭിമാനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പ്രണയിയും അമൃതവര്‍ഷിണിയും അടുപ്പത്തിലായിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. മെയ് മാസത്തില്‍ ഇരുവരെയും മാരുതി റാവു വീട്ടിലേക്ക് ക്ഷണിക്കുകയും വിവാഹ സല്‍ക്കാരം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ അമൃതവര്‍ഷിണി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് മാരുതി റാവുവിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.