മുസ്ലിംകളെ അംഗീകരിക്കുന്നില്ലെങ്കില്‍ അത് ഹിന്ദുത്വവാദം അല്ലെന്ന് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. ഹിന്ദു രാഷ്ട്രം എന്നതിന് മുസ്ലിംകള് ഇല്ലാത്ത രാജ്യം എന്ന് അര്‍ത്ഥമില്ലെന്നും ഡല്‍ഹിയില്‍ തുടരുന്ന പ്രഭാഷണ പരിപാടിയില്‍ ഭഗവത് പറഞ്ഞു.
ഇന്ത്യയുടെ ഭാവി; ആര്.എസ്.എസിന്റെ കാഴ്ചപ്പാടില്‍, എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായിരുന്നു മോഹന്‍ ഭഗവതിന്റെ നിര്‍ണായക പ്രസ്താവന. മുസ്ലിംകള് രാഷ്ട്രത്തിന്റെ ഭാഗമല്ല എന്നു പറയുന്ന കാലത്ത് ഹിന്ദുത്വം അവശേഷിക്കില്ല. എല്ലാവരെയും ഉള്‍കൊള്ളുന്നതാണ് ഹിന്ദുത്വ ചിന്ത. ഹിന്ദു രാഷ്ട്രം എന്നതിന് മുസ്ലിംകള് ഇല്ലാത്ത രാജ്യം എന്ന് അര്‍ത്ഥമില്ലെന്നും ഭഗവത് പറഞ്ഞു.
സര്‍ക്കാരിലോ ഭരണത്തിലോ ആര്‍എസ്എസിന് താല്പര്യമില്ല. എന്നാല്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്ക് വിഷമമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടുതലായി ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ കാരണം മറ്റു പാര്‍ട്ടികളാണ് പരിശോധിക്കേണ്ടതെന്ന് ഭഗവത് കൂട്ടിച്ചേര്‍ത്തു. പൊതുതെരഞ്ഞടുപ്പ് കൂടി ആസന്നമായിരിക്കെ ആര്.എസ്.എസ് ആശയവും നിലപാടും കൂടുതല്‍ പേരില്‍ എത്തിക്കലാണ്, തെരഞ്ഞെടുക്കപ്പെട്ട സദസിന് മുമ്പാകെയുള്ള പ്രഭാഷണ പരിപാടിയുടെ ലക്ഷ്യം.