ന്യൂഡല്‍ഹി: മുന്‍ എംപി ബൈജയന്ത് ജയ് പാണ്ഡ പറത്തിയ ഹെലിക്കോപ്റ്റര്‍ പോലീസ് പിടിച്ചെടുത്തു. ഒഡീഷയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അതീവ സുരക്ഷിത മേഖലയിലൂടെ ഹെലിക്കോപ്റ്റര്‍ പറത്തിയെന്നു ചൂണ്ടിക്കാട്ടിയാണു പോലീസ് നടപടി. ഒഡീഷ ഭരണകക്ഷിയായ ബിജു ജനതാദളില്‍നിന്നു ജയ് പാണ്ഡ മേയില്‍ രാജിവച്ചിരുന്നു.
ജയ് പാണ്ഡയുടെ പിതാവ് സ്ഥാപിച്ച കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലിക്കോപ്റ്ററാണ് പുരി പോലീസ് പിടിച്ചെടുത്തത്. ചില്‍ക്ക ലേക്കിലെ പരിസ്ഥിതി ലോല മേഖലയിലുടെയാണു ജയ് പാണ്ഡ കോപ്റ്റര്‍ പറത്തിയത്. വിനോദ സഞ്ചാരമേഖലയിലൂടെ ഏറെ താഴ്ത്തി ഹെലിക്കോപ്റ്റര്‍ പറത്തുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ നിരോധന മേഖലയിലേക്കു താന്‍ ഹെലിക്കോപ്റ്റര്‍ പ്രവേശിപ്പിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജയ് പാണ്ഡ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായുള്ള തുടര്‍ച്ചയായ ഉരസലുകളെ തുടര്‍ന്നാണ് ജയ് പാണ്ഡ ബിജെഡിയില്‍ നിന്നു പുറത്തുപോയത്. ഇതിനുപിന്നാലെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ ജയ് പാണ്ഡയെ പുറത്താക്കിയതായി ബിജെഡി പത്രക്കുറിപ്പിറക്കി.