ന്യൂഡല്‍ഹി: ക്രിക്കറ്റ് കളിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഡല്‍ഹിയില്‍ കലാപം. ത്രിലോക്പുരിയില്‍ വ്യാഴാഴ്ച രാത്രിയാണ് രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അക്രമികള്‍ കല്ലുകളും കൈബോംബുകളും ഉപയോഗിച്ചു. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമികളെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഏറ്റുമുട്ടലില്‍ നാലു പ്രദേശവാസികള്‍ക്കും നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപമേഖലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. കലാപം വര്‍ഗീയമാണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ലെന്ന് ഡല്‍ഹി ഈസ്റ്റ് പോലീസ് കമ്മീഷണര്‍ പങ്കജ് കുമാര്‍ സിംഗ് അറിയിച്ചു.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ത്രിലോക്പുരിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഫെബ്രുവരിയില്‍, ദളിത് സമുദായത്തില്‍പ്പെട്ട യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് മേഖലയില്‍ രണ്ടു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 2016-ലും ഇവിടെ അക്രമങ്ങളുണ്ടായി. 2014-ല്‍ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ക്കു പരിക്കേറ്റിരുന്നു.