ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി സമന്‍സ് അയച്ചു. ഒക്ടോബര്‍ 25 നകം ഹാജരാകണമെന്ന് നിര്‍ദേശിച്ച് പാട്യാല ഹൗസ് കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്.
കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാര്‍ട്ടിയുടെ 11 എംഎല്‍എമാര്‍ എന്നിവര്‍ക്കാണ് ഹാജരാകല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ ഡല്‍ഹി പോലീസ് നേരത്തെ പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കെജ്രിവാളും സിസോദിയയും എംഎല്‍എമാരും ഗൂഢാലോചന നടത്തി ചീഫ് സെക്രട്ടറിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസ് സമര്‍പ്പിച്ച 3000 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്. ഫെബ്രുവരി 19 ന് രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ചീഫ് സെക്രട്ടറി പരാതി നല്‍കിയത്.