ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതിയില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകന് തേജസ്വി യാദവ് എന്നിവര്‍ക്കു ഡല്‍ഹി കോടതി നോട്ടീസ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലാണു കോടതി നടപടി. കേസ് ഒക്ടോബര്‍ ആറിന് വീണ്ടും വാദം കേള്‍ക്കും.
ലാലുവിനും കുടുംബത്തിനും പുറമേ ആര്‍ജെഡി നേതാവ് പ്രേം ചന്ദ് ഗുപ്ത, ഭാര്യ സരള ഗുപ്ത, ലാറ പ്രോജക്ട് കന്പനി എന്നിവയാണ് കള്ളപ്പണം വെളുപ്പിക്കലില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയിലുള്ളത്.
പ്രതികള്‍ പണതട്ടിപ്പ് നടത്തിയതായി ആരോപിച്ച് ഓഗസ്റ്റ് 24-ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകന് തേജസ്വി യാദവ് തുടങ്ങിയവര്‍ക്കെതിരെ സിബിഐയും നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2004-ല്‍ ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പു കരാര്‍ സുജാത ഹോട്ടല്‍സ് എന്ന സ്വകാര്യ കമ്പനിക്കു നല്‍കിയതിനു കൈക്കൂലിയായി പാറ്റ്നയില്‍ ബിനാമി പേരില്‍ വന്‍ വിലയുള്ള മൂന്നേക്കര്‍ ഭൂമി ലഭിച്ചുവെന്നാണു കേസ്.