ഗോഹട്ടി: മണിപ്പൂരില്‍ പോലീസുകാര്‍ നോക്കി നില്‍ക്കെ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ആരോപിതരായ പോലീസുകാര്‍ക്കെതിരേ നടപടി. യുവാവിനെ ജനക്കൂട്ടം മര്‍ദിക്കുന്നതു കാഴ്ചക്കാരായ നോക്കിനിന്ന എസ്ഐ അടക്കം നാലു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. യുവാവിനെ ജനക്കൂട്ടം മര്‍ദിക്കുമ്പോള്‍ പോലീസുകാര്‍ നോക്കി നില്ക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണു നടപടി.
ഫറൂഖ് ഖാന് എന്ന ഇരുപത്താറുകാരനാണ് വെസ്റ്റ് ഇംഫാലിലെ തരോയ്ജാമില് വ്യാഴാഴ്ച ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുചക്രവാഹനം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
വേദനകൊണ്ടു പുളയുന്ന ഫറൂഖിനെ ജനക്കൂട്ടം വീണ്ടും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ഫറൂഖിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെ കണ്ടെത്താന്‍ പോലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. ഇവര്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കാര്‍ ജനക്കൂട്ടം അഗ്നിക്കിരയാക്കിയിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് മേധാവിയോടു നിര്‍ദേശിച്ചിരുന്നു.