ചെന്നൈ: പെരിയാറിന്റെ 140-ാം ജന്മദിനത്തില് പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനിടെ ചെരുപ്പ് എറിഞ്ഞ് പ്രതിഷേധിച്ച ബിജെപി അഭിഭാഷകന് പിടിയില്‍. ചെന്നൈ അണ്ണാശാലയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയ്ക്ക് നേരെ ചെരുപ്പ് എറിഞ്ഞ ജഗദീഷ് ആണ് പിടിയിലായത്. പെരിയാറിന്റെ അനുയായികള്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറി.
സംഭവത്തില്‍ ചിന്ദാതിരിപ്പേട്ട് പോലീസ് കേസെടുത്തു. തിരുപ്പൂര്‍ ജില്ലയിലെ ധര്‍മ്മപുരത്ത് പെരിയാറിന്റെ പ്രതിമയുടെ തലയില്‍ ചെരുപ്പ് സ്ഥാപിച്ചു. സംഭവത്തില്‍ ദ്രാവിഡര്‍ കഴകം പ്രവര്ത്തകന് കെ. ഷണ്മുഖം പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് കേസെടുത്തിട്ടില്ല. പെരിയാറിന്റെ ജന്മദിനത്തില് അദ്ദേഹത്തിന്റെ പ്രതിമകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് രംഗത്ത് വന്നു.
സംസ്ഥാനത്ത് അക്രമം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മൃഗങ്ങളാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്ന് സ്റ്റാലിന് പറഞ്ഞു. ഇത്തരക്കാര്‍ ദ്രാവിഡ ചരിത്രം അറിയാത്തവരും പെരിയാര്‍ തമിഴ് ജനതയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ എന്താണെന്ന് അറിയാത്തവരാണെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു