ഹൈദരാബാദ്: തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ തന്റെ പിതാവും അമ്മാവനുമാണെന്ന് കൊല്ലപ്പെട്ട പ്രണയ്കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി. കണ്മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നതിന്റെ മാനസിഘാതത്തില് തളര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് അമൃതയുടെ പ്രതികരണം.
”പ്രണയ്കുമാറിന് നേരെ ഇതിനുമുമ്പും ഭീഷണികളുണ്ടായിരുന്നു. ഭീഷണികള്‍ തുടര്‍ന്നപ്പോള്‍ ഒരിക്കല്‍ ഡിഎസ്പിയെ നേരിട്ടുകണ്ട് ഞങ്ങള്‍ പരാതി അറിയിച്ചിരുന്നു. പ്രണയ്കുമാറുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതുമുതല്‍ വീട്ടുകാര്‍ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. അമ്മാവനും ക്രൂരമായി മര്‍ദിച്ചു. പിതാവും അമ്മാവനും തന്നെയാണ് പ്രണയിന്റെ കൊലപാതകത്തിന് പിന്നില്‍”
പിന്നാക്കവിഭാഗത്തില്‍പ്പെട്ട പ്രണയ്കുമാറും ഉയര്‍ന്നജാതിയില്‍പ്പെട്ട അമൃതവര്‍ഷിണിയും ആറുമാസം മുമ്പാണ് വിവാഹിതരായത്. ഏഴാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയ്കുമാര്‍ പിന്നാക്കവിഭാഗമായതിനാല് അമൃതയുടെ ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു. ഈ എതിര്‍പ്പുകളെല്ലാം മറികടന്നായിരുന്നു ഇവരുടെ വിവാഹം.
നല്‍ഗോണ്ടയിലെ മിര്‍യാല്‍ഗുഡ സ്വദേശി പ്രണയ്കുമാറിനെ കഴിഞ്ഞദിവസമാണ് ഭാര്യ അമൃതവര്‍ഷിണിയുടെ മുന്നിലിട്ട് അജ്ഞാതന്‍ വെട്ടിക്കൊന്നത്. മൂന്നുമാസം ഗര്‍ഭിണിയായ അമൃതയും പ്രണയ്കുമാറും ആശുപത്രിയിലെ പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അക്രമം. കൊലപാതകത്തിന് പിന്നില്‍ അമൃതയുടെ പിതാവ് മാരുതി റാവുവാണെന്ന് പ്രണയ്കുമാറിന്റെ ബന്ധുക്കള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിതാവ് മാരുതി റാവുവും അമ്മാവന് ശ്രാവണും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അമൃതയും പ്രതികരിച്ചിരിക്കുന്നത്.