ന്യൂഡല്‍ഹി: 9000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ വിദേശത്തേക്ക് കടക്കുംമുമ്പ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസിനെതിരെ ശിവസേന. സംഭവവുമായി ജെയ്റ്റ്ലിക്ക് ബന്ധമുണ്ടെങ്കില്‍ ഇക്കാര്യം അറിയുമായിരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഇക്കാലമത്രയും നിശബ്ദത പാലിച്ചുവെന്ന് ശിവസേന മുഖപത്രമായ സാംന ചോദിക്കുന്നു.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. മല്യ നുണയനാണെന്നും മല്യയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മാത്രം ജെയ്റ്റ്ലിക്കെതിരേ ആരോപണങ്ങളുന്നയിക്കേണ്ട ആവശ്യമെന്തെന്ന് ശിവസേന ചോദിച്ചു. രാജ്യം വിടുന്നതിനു മുന്‍പ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ടിരുന്നതായും പ്രശ്നം പരിഹരിക്കുന്നതിനായി നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചതായും മല്യ ലണ്ടനില്‍വെച്ച് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് രാജ്യസഭ എംപിയായ പിഎല്‍ പുനിയ മല്യ പറഞ്ഞത് ശരിയാണെന്നും 2016 മാര്‍ച്ചില്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെ ഒരു മൂലയില്‍ വിജയ് മല്യയും അരുണ്‍ ജെയ്റ്റ്ലിയും കൂടിക്കാഴ്ച നടത്തുന്നത് താന്‍ കണ്ടതാണെന്നും, കൂടിക്കാഴ്ച ഏഴു മിനിറ്റോളം നീണ്ടുനിന്നിരുന്നുവെന്നും ആരോപിച്ചിരുന്നു. എന്നാല്‍ അരുണ്‍ ജെയ്റ്റ്ലിയെ എംപി കൂടിയായിരുന്ന മല്യയെ പാര്‍ലമെന്റ് പരിസരത്ത് കാണുന്നത് സ്വാഭാവികം. അതിനാല്‍തന്നെ ജെയ്റ്റ്ലിയെ കുറ്റക്കാരനാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയയുടെ ആരോപണം പരിഹാസ്യമാണെന്നും സാംന പറയുന്നു.
ബിജെപിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന ശിവസേന മാസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായാണ് സഖ്യകക്ഷിയെ പിന്തുണച്ച് രംഗത്തെത്തിയത്.