ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബിജെപിയുടെ രാജ്യസഭാ എംപി സുബ്രഹ്മണ്യന് സ്വാമി. മോഡിയെ കെട്ടിപ്പിടിച്ച സന്ദര്‍ഭത്തില്‍ രാഹുല്‍ സൂചി വഴിയോ മറ്റോ മോഡിയുടെ ശരീരത്തിലേക്ക് വിഷം കുത്തിവെച്ചേക്കാമെന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ പ്രതികരണം.
‘തന്നെ കെട്ടിപ്പിടിക്കാന്‍ ഒരു വിഡ്ഡിയെ നമോ(മോദി) ഒരിക്കലും അനുവദിക്കരുതായിരുന്നു. റഷ്യക്കാരും വടക്കന്‍കൊറിയക്കാരുമൊക്കെ വിഷം ചേര്‍ത്ത ഒരു പ്രത്യേകതരം സൂചി ഉപയോഗിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് മോഡി ആശുപത്രിയില്‍ എത്തുകയും സുനന്ദയുടെ കൈയില്‍ കണ്ടതുപോലുള്ള അതിസൂക്ഷ്മ സുഷിരങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുകയും വേണമെന്നാണ് എനിക്ക് തോന്നുന്നത്’ എന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ കുറിച്ചത്.
ബിജെപിയുടെ പ്രധാന പ്രവര്‍ത്തകയും മലയാളിയുമായ ലക്ഷ്മി കാനത്ത് ഇത്തരമൊരു അഭിപ്രായപ്രകടനവുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. രാഹുല്‍ മോഡിജിയെ ആലിംഗനം ചെയ്തത് എന്തോ ആസൂത്രിത അപകടത്തിന്റെ സൂചനയാണോ എന്ന് ഭയം ഉണ്ടെന്നും അതീവ മാരകമായ റേഡിയോ ആക്ടീവ് പോയിസണായ താലിയം പോലെയുള്ള എന്തെങ്കിലും ദേഹത്ത് തട്ടിയാല്‍ പോലും അത് അങ്ങേയറ്റം അപകടകരമാണെന്നുമായിരുന്നു ഇവരുടെ കുറിപ്പ്.
രാജ്യസഭയിലെ പ്രസംഗത്തിലുടനീളം നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച രാഹുല്‍ ഏറ്റവും അവസാനം മോഡിക്ക് സമീപത്തേക്ക് നടന്നടുക്കുകയും അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയുമായിരുന്നു. രാഹുലിന്റെ നടപടിയെ ആദ്യഘട്ടത്തില്‍ ഭരണപക്ഷം കയ്യടിച്ച് അഭിനന്ദിച്ചെങ്കിലും മോഡിയെ ആശ്ലേഷിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിക്കെതിരെ സ്പീക്കര്‍ സുമിത്ര മഹാജന് രംഗത്തെത്തിയിരുന്നു.