ഹരിയാന: പീഡനത്തിന് കാരണം തൊഴിലില്ലായ്മയെന്ന് ബിജെപി എഎല്‍എ പ്രേമ് ലത. മഹേന്ദ്രഗഡില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിനിരയായതില് പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് വിവാദ പരാമര്‍ശവുമായി പ്രേമ് ലത എത്തിയത്. യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ ഇല്ലായ്മയും നിരാശയുമാണ് ഇത്തരം അക്രമങ്ങള്‍ക്ക് കാരണമെന്നാണ് എംഎല്‍എയുടെ ന്യായീകരണം. ഹരിയാനയിലെ ഉച്ചന കലാന് പ്രദേശത്തെ എഎല്‍എയാണ് പ്രേമ് ലത
കോച്ചിംഗ് സെന്ററിലേക്ക് പോകുന്ന വഴി മൂന്നംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ലഹരി മരുന്ന് നല്‍കിയായിരുന്നു പീഡനം. സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടിയതിന് രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം വാങ്ങിയ പത്തൊന്‍പതുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ബോധരഹിതയാകുന്നത് വരെ പീഡനത്തിനിരയാക്കുകയും പിന്നീട് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. കേസിലെ മുഖ്യപ്രതി പങ്കജ് സൈനികനാണെന്നു സ്ഥിരീകരിച്ചു. സംഭവം നടന്നു മൂന്നു ദിവസം പിന്നിട്ടെങ്കിലും ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടാന്‍ വൈകുന്നതിന് എതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യപ്രതിയെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണ ചുമതലയുള്ള എസ്പി നസ്നീന് ഭാസിന് പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും ഭാസിന് കൂട്ടിചേര്‍ത്തു. സ്വന്തം ഗ്രാമത്തില്‍ തന്നെയുള്ളവരാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി നല്കിയ മൊഴിയില്‍ പറയുന്നു. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.