ചെന്നൈ: രാജീവ് വധക്കേസിലെ പ്രതികളുടെ ജയില്‍മോചനം സംബന്ധിച്ച തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. കേസ് സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്നും നിയമ-ഭരണഘടനാ-നയതന്ത്ര വശങ്ങള് പരിഗണിച്ച ശേഷമേ ശുപാര്‍ശയില്‍ തീരുമാനം കൈക്കൊള്ളൂ എന്നും രാജ്ഭവന് പത്രക്കുറിപ്പില്‍ അറിയിച്ചു.
നളിനി, ഭര്‍ത്താവ് ശ്രീഹരന് (മുരുകന്), പേരറിവാളന്, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍, ശാന്തന് എന്നീ ഏഴു പ്രതികളെ വിട്ടയയ്ക്കണമെന്നു മന്ത്രിസഭ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കു ശിപാര്‍ശ നല്‍കിയിരുന്നു. തമിഴ് ജനതയെ ബഹുമാനിക്കുന്നയാളാണ് ഗവര്‍ണര്‍. ശരിയായ തീരുമാനമെടുക്കുമെന്നാണു വിശ്വാസമെന്നും ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
1991 മേയ് 21-നാണ് രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുന്പതൂരില് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത്. കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഏഴു പ്രതികളെ വിട്ടയയ്ക്കാന് 2014-ല്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഈ ശിപാര്‍ശയെ എതിര്‍ത്തു. കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ് എന്നതാണ് കേന്ദ്രം ഇതിനു നിരത്തിയ ന്യായീകരണം.