ന്യൂഡല്‍ഹി: ശുചിത്വ ഇന്ത്യയെന്ന രാഷ്ട്രപിതാവിന്റെ ലക്ഷ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്റെ ശുചീകരണ യജ്ഞം സ്വച്ഛതാ ഹി സേവയ്ക്ക് തുടക്കം കുറിച്ചു. ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷികാഘോഷത്തിന്റെയും സ്വച്ഛ ഭാരത് പദ്ധതിയുടെ നാലാം വാര്‍ഷികത്തിന്റെയും പശ്ചാത്തലത്തില്‍ ആരംഭിച്ച പദ്ധതി ഡല്‍ഹി പഹാഡ് ഗഞ്ചിലെ ബാബാ സാഹിബ് അംബ്ദേക്കര്‍ ഹയര്‍ സെക്കന്റി സ്കൂള്‍ പരിസരം ശുചിയാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു.
സ്വച്ഛ് ഭാരത് യജ്ഞത്തിന് 90 ശതമാനം ലക്ഷ്യം കൈവരിക്കാനായെന്നും ശുചിത്വം ഇനിയും ശീലമാക്കാന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷം 9 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചു. 2019 ഓടെ രാജ്യത്തെ വെളിയിട വിസര്‍ജന വിമുക്തമാക്കലാണ് ഇനിയുള്ള ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ശുചീകരണരംഗത്ത് ദക്ഷിണേന്ത്യയില്‍ അമൃതാനന്ദമയി മഠം നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അമിതാഭ് ബച്ചന് , രത്തന്‍ ടാറ്റ, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയ പ്രമുഖര്‍ ശുചീകരണയജ്ഞത്തിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രിയുമായി ആശയവിനിമം നടത്തി