ചലച്ചിത്ര മേഖലയ്ക്ക് വീണ്ടും വില്ലനായി തമിള്‍റോക്കേഴ്സിന്റെ രംഗപ്രവേശനം. വിനായക ചതുര്‍ഥിയോടനുബന്ധിച്ച് തിയേറ്ററുകളിലെത്തിയ രണ്ട് തമിഴ് ചിത്രങ്ങളാണ് ഇപ്പോള്‍ തമിള്‍ റോക്കേഴ്സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശിവകാര്ത്തികേയന് നായകനായ സീമരാജ, സമന്ത അകിനേനി പ്രധാനവേഷത്തിലെത്തിയ യു ടേണ്‍ എന്നീ ചിത്രങ്ങളാണ് തമിള്‍ റോക്കേഴ്സ് അവരുടെ വെബസൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ചിത്രങ്ങള്‍ നീക്കം ചെയ്യാനുള്ള നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം നിരവധി ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഓണ്‍ലൈനില്‍ എത്തിയത്. രജനികാന്ത് നായകനായ കാലയിലെ പ്രധാനപ്പെട്ട രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. സിനിമകള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ക്ക് പിറകിലുള്ളവരെ കണ്ടെത്തുമെന്ന് ശപഥം ചെയ്താണ് നടന് വിശാല്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തുടര്‍ന്ന് തമിള്‍ ഗണ്‍ എന്ന വെബ്സൈറ്റിന്റെ ചുമതലക്കാരിലൊരാള്‍ തിരുവല്ലിക്കെനി പോലീസിന്റെ വലയിലായി.
തങ്ങളുടെ കൂട്ടത്തിലെ ഒരാളെ അറസ്റ്റ് ചെയ്തത് വ്യാജന്മാരെ മൊത്തത്തില്‍ ചൊടിപ്പിച്ചു. തമിള്‍ ഗണ്ണിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിള്‍ റോക്കേഴ്സ് വിശാലിന്റെ പുത്തന്‍ ചിത്രം തുപ്പറിവാളന്‍ ചോര്‍ത്തി പ്രചരിപ്പിച്ചു. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ പരാതിയില്‍ നടന്ന കൂടുതല്‍ അന്വേഷണങ്ങളില്‍ ചെന്നൈ പോലീസ് തമിള്‍റോക്കേഴ്സിന്റെ മൂന്ന് അഡ്മിന്മാരെ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ മൂന്നു പേരും വിദേശത്ത് താമസിക്കുന്നവരായാതിനാല്‍ പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.