ഓരോ കുഴിയും നികത്തുമ്പോഴും ഒരു നെടുവീര്‍പ്പോടെ ആ അച്ഛന് ഒരു നിമിഷം ആകാശത്തേക്ക് നോക്കി പറയും. മകനേ ഇത് നിനക്ക് വേണ്ടി. എന്നെ കരയിച്ച വിധി മറ്റൊരു പിതാവിനെയും ഉണ്ടാകരുത്. അപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു തൂവും. ചങ്ക് പിടയും..
ദാദാറാവു ബില്‍ഹോര്‍ ഒരു നാടിന്റെ നന്മയാക്ക് വേണ്ടി കഷ്ടപ്പെടുന്നത് എന്തിനെന്നറിയേണ്ടേ… പുത്രവിയോഗത്തിന്റെ നിലക്കാത്ത വിഷമമാണിത്. 3 വര്‍ഷം പിന്നിട്ടു ആ മകന് കണ്മുന്നില് നിന്ന് മാഞ്ഞിട്ട്. 2015 ജൂലൈയില്‍ വെറും പതിനാറ് വയസ്സുള്ളപ്പോഴാണ് ദാദാറാവു ബില്‍ഹോറിന്റെ മകന് പ്രകാശ് ബില്‍ഹോര്‍ റോഡപകടത്തില്‍ മരിക്കുന്നത്. റോഡിലെ കുഴിയായിരുന്നു വില്ലന്‍. റോഡിലെ കുഴി സ്വന്തം മകന്റെ ജീവനെടുത്തപ്പോള്‍ ഇനി ഒരാളുടെ മക്കളുടെയും വിലയേറിയ ജീവന് റോഡില്‍ പൊലിയരുതെന്ന് ദാദാറാവു തീരുമാനിച്ചു. അന്ന് തുടങ്ങിയതാണ് പ്രതിഫലം പ്രതീക്ഷിക്കാത്ത ഈ പ്രവൃത്തി.
മകനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലില്‍ നിന്ന് മകന്റെ മരണത്തിന് കാരണമായ റോഡിലെകുഴികളടക്കാനുള്ള തീരുമാനത്തിലെത്തിലേക്കെത്തുകയായിരുന്നു.
മുംബൈ നഗരത്തില്‍ റോഡിലെ കുഴികളടയ്ക്കുന്ന ദാദാറാവുവിന്റെ രൂപം കണ്ടു നില്ക്കുന്നവരുടെ ഹൃദയം പൊള്ളിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തുനിന്ന് കല്ലും മണലും ശേഖരിച്ച്, അത് ഉപയോഗിച്ചാണ് കുഴിയടക്കല്‍. മൂന്നുവര്‍ഷം കൊണ്ട് 600 ഓളം കുഴികളാണ് ബില്‍ഹോര്‍ അടച്ചത്.
‘മകന്റെ മരണത്തില്‍ എല്ലാവരും അതീവദുഖത്തിലായിരുന്നു. അവനുവേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ വരരുത് എന്ന് ആഗ്രഹമുണ്ട്’. ബില്‍ഹോര്‍ പറയുന്നു.