മുംബൈ: അച്ഛനമ്മമാര്‍ക്ക് മക്കളോടുള്ള സ്നേഹത്തിന് അളവില്ല, അങ്ങനൊരു അച്ഛന്റെ പ്രവൃത്തി കാണുന്നവരുടെ കണ്ണ് നിറയ്ക്കുകയാണ്. റോഡിലെ കുഴി സ്വന്തം മകന്റെ ജീവനെടുത്തപ്പോള്‍ ഇനി ഒരാളുടെ മക്കളുടെയും വിലയേറിയ ജീവന് റോഡില്‍ പൊലിയരുതെന്ന ദൃഢനിശ്ചയത്തിലാണ് ദാദാറാവു ബില്‍ഹോര്‍ എന്ന അച്ഛന്.
2015 ജൂലൈയില്‍ വെറും പതിനാറ് വയസ്സുള്ളപ്പോഴാണ് ദാദാറാവു ബില്‍ഹോറിന്റെ മകന് പ്രകാശ് ബില്‍ഹോര്‍ റോഡപകടത്തില്‍ മരിക്കുന്നത്. മകനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിലാണ് മകന്റെ മരണത്തിന് കാരണമായ കുഴികളടക്കാനുള്ള തീരുമാനത്തിലെത്തിയത്.
മുംബൈ നഗരത്തില്‍ റോഡിലെ കുഴികളടയ്ക്കുന്ന ബില്ഹോറന്റെ ദൃശ്യം പറയാന്‍ വാക്കുകളില്ലാതെ, കാഴ്ചക്കാരുടെ കണ്ണ് നിറയ്ക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തുനിന്ന് ശേഖരിച്ച കല്ലും മണലും ഉപയോഗിച്ചാണ് ബില്‍ഹോറിന്റെ കുഴിയടക്കല്‍. ഓരോ കുഴിയുമടച്ചശേഷം മുകളിലേക്ക് നോക്കി മകനുവേണ്ടി പ്രാര്‍ഥിക്കും. മൂന്നുവര്‍ഷം കൊണ്ട് 600ഓളം കുഴികളാണ് ബില്‍ഹോര്‍ അടച്ചത്.
മകന്റെ മരണത്തില്‍ എല്ലാവരും അതീവദുഖത്തിലായിരുന്നു. അവനുവേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ വരരുത് എന്ന് ആഗ്രഹമുണ്ട്”, ബില്‍ഹോര്‍ പറയുന്നു.