ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്സി റിപ്പോര്‍ട്ട് പുറത്ത്. അവര്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നതാണ് പരിശോധനാഫലം. സിബിഐയുടെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയാണ് കുടുംബാംഗങ്ങളുടെ മരിക്കുന്നതിന് തൊട്ടുമുന്‍പുള്ള മാനസികനില പരിശോധിച്ചത്. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.
ഒരു കുടുംബത്തിലെ 11 പേര് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായാണ് മാനസികനില സൂക്ഷ്മ പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ജൂലൈയിലാണ് ഈ ആവശ്യവുമായി ക്രൈംബ്രാഞ്ച് സംഘം സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനെ സമീപിച്ചത്. അവര്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ക്രൈംബ്രാഞ്ച് നല്കുന്ന വിവരം.
മാനസികനില പരിശോധനയുടെ ഭാഗമായി സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ മൂന്നംഗ സംഘം അയല്‍വാസികളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ പത്തോളം നോട്ട് പുസ്തകങ്ങളും വീട്ടില്‍ നിന്ന് കണ്ടെത്തി. ഓരോ കുടുംബാംഗത്തെ കുറിച്ചും ഈ പുസ്തകങ്ങളില്‍ വിശദമായി രേഖപ്പെടുത്തിയിരുന്നു. എങ്ങനെ പാപമോചനം നേടാം എന്നത് സംബന്ധിച്ച് കുറിപ്പുകളും ഇതിലുണ്ടായിരുന്നു.
കുടുംബാംഗങ്ങള്‍ക്ക് സമാനമായ ചിത്തഭ്രമമുണ്ടായിരുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. ദൈവത്തിലേക്കുള്ള വഴിയെന്ന നിലയില്‍ പൂജാവിധിയായിട്ടാണ് അവര്‍ ആത്മഹത്യയെ കണ്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പൊലീസിന്റെ കണ്ടെത്തലിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.