കോര്‍ബ: തന്റെ കാമുകി കൂട്ട ബലാത്സംഗത്തിന് ഇരയാവുന്നതിന് ദൃക്സാക്ഷിയാവേണ്ടി വന്ന യുവാവ് ആത്മഹത്യ ചെയ്തു. ചത്തീസ്ഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം.
കഡ്ഗോര പോലീസ് സ്റ്റേഷന് കീഴില്‍ സെപ്റ്റംബര്‍ ഒന്നിനാണ് ബലാത്സഗം നടന്നത്. എന്നാല്‍, സംഭവം പുറത്തറിഞ്ഞിരുന്നില്ല. പക്ഷേ, പെണ്‍കുട്ടിയുടെ കാമുകന് സവന് സായ് ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പെണ്‍കുട്ടി തന്നെ ബലാത്സംഗ വിവരം വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ ആയ ഇഷ്വര് ദാസ് (22), ഖെം കന്‍വാര്‍ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ട ബലാത്സംഗത്തിനും ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു സ്കൂളിന് സമീപം സവനും പെണ്‍കുട്ടിയും ഒരുമിച്ച് നില്ക്കുമ്പോള് പ്രതികള്‍ എത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതിന് ശേഷമുള്ള ദിവസം സംഭവങ്ങള്‍ ഗ്രാമത്തിലെ ചിലരോട് പ്രതികള്‍ പറഞ്ഞതായി മനസിലാക്കി സവന് നാണക്കേട് മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് സവനെ കണ്ടെത്തിയത്.