ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് പോരാട്ടം ജെഎന്‍യു വില്‍ ശക്തം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിമാരുടെ ആവേശം നിറഞ്ഞ സംവാദത്തോടെ മത്സരത്തിന്റെ തീവ്രത ഒന്നുകൂടെ വര്‍ധിച്ചു. ജെഎന്‍യു വിനും രാജ്യത്തിനുമെതിരായ സംഘപരിവാര്‍ ആക്രമണങ്ങളെ ചെറുക്കാനുള്ള പോരാട്ടം തുടരുമെന്ന് ഇടതു വിദ്യാര്‍ത്ഥി സഖ്യം പറഞ്ഞു.
ഇടതുസ്ഥാനാര്‍ത്ഥി എന്‍ സായ് ബാലാജിയുടെ പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചും പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്തും സംവാദം അലങ്കോലപ്പെടുത്താന്‍ എബിവിപി ശ്രമിച്ചിരുന്നു. എസ്എഫ്ഐ നേതാവിനടക്കം കുറേപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മോഡി സര്‍ക്കാര്‍ എന്തുകൊണ്ടും പരാജയമാണെന്നും രാജ്യത്ത് നടക്കുന്നതിന്റെ നേര്‍പതിപ്പാണ് വിസി ക്യാമ്പസില്‍ നടപ്പാക്കുന്നതെന്നും ബാലാജി പ്രസംഗത്തില്‍ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിമാരായ ലളിത് പാണ്ഡെ (എബിവിപി), വികാസ് യാദവ്(എന്എസ്യുഐ), തല്ലപ്പള്ളി പ്രവീണ്‍ (ബിഎപിഎസ്എ), ജയന്ത് കുമാര്‍(ഛാത്ര ആര്‍ജെഡി), സ്വതന്ത്രര്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. സ്വവര്‍ഗരതിയെ അംഗീകരിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും, ഭാവി മഴവില്‍ നിറത്തിനുള്ളതാണെന്നും ബാലാജി തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.