ന്യൂഡല്‍ഹി: വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത് കളളമാണെന്നകോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിനകത്ത് വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയ സാക്ഷിയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അതോടൊപ്പം കുറ്റവാളിയായ ഒരാളോട് എന്തിനാണ് ബന്ധം പുലര്‍ത്തിയതെന്നും എന്താണ് ചര്‍ച്ച ചെയ്തതെന്നും ധനകാര്യമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ പി എല്‍ പുനിയയും പങ്കെടുത്തിരുന്നു.
2016 മാര്‍ച്ചില്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെ ഒരു മൂലയില്‍ വിജയ് മല്യയും അരുണ്‍ ജെയ്റ്റ്ലിയും കൂടിക്കാഴ്ച നടത്തുന്നത് താന്‍ കണ്ടതാണെന്നും, കൂടിക്കാഴ്ച ഏഴു മിനിറ്റോളം നീണ്ടുനിന്നിരുന്നുവെന്നും ഇരുവരും അവിടെയുള്ള ബെഞ്ചിലിരുന്നാണ് സംസാരിച്ചത്. ജെയ്റ്റ്ലിയുടെ അടുത്തേക്ക് മല്യ വരികയായിരുന്നുവെന്നും പുനിയ മാധ്യമങ്ങളോട് പറഞ്ഞു. മല്യ ലണ്ടനിലേക്ക് കടക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു കൂടിക്കാഴ്ചയെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും പുനിയ കൂട്ടിച്ചേര്‍ത്തു.
9000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യകഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. രാജ്യം വിടുന്നതിനു മുന്‍പ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ടിരുന്നതായും പ്രശ്നം പരിഹരിക്കുന്നതിനായി നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചതായും മല്യ ലണ്ടനില്‍വെച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കളളമാണെന്ന് അരുണ്‍ ജെയ്റ്റിലി തന്റെ ഫെയ്സ്ബുക്ക്പോസ്റ്റിലൂടെ അറിയിച്ചിരുന്നു.