ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പിനു പിന്നാലെ നാടുവിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക്. ഇന്ത്യയില്‍ നിന്നും ലണ്ടനിലേയ്ക്ക് പോകുന്നത് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയ്ക്ക് അറിയാമായിരുന്നുവെന്നും, തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നുമെന്നുമാണ് വിജയ് മല്യ പറഞ്ഞത്. ഇതോടെ ബിജെപി കേന്ദ്ര നേതൃത്വം വെട്ടിലായി. രൂക്ഷ വിമര്‍ശനവും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. പരാമര്‍ശം ബിജെപിയെ പ്രതിരോധത്തിലാക്കിയതോടെ വിശദീകരണവുമായി വ്യവസായി തന്നെ രംഗത്തെത്തി.
തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും, തന്റെ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും മല്യ വ്യക്തമാക്കി. എന്നാല്‍ മല്യയുടെ വാക്കുകള്‍ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. മല്യ വിദേശത്തേക്ക് കടക്കുന്നത് തടയാമായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ഇക്കാര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നെന്നും പ്രതിപക്ഷം ആരോപിച്ചു. മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് ജെയ്റ്റ്ലിയുടെ വാദം. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച കേസിന്റെ വിചാരണക്കിടെയാണ് മല്യ ജയ്റ്റ്ലിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
ജനീവയില്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് യാത്ര തിരിച്ചത്. ഇതിന് മുമ്പ് ബാങ്ക് വായ്പാതുക തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് അരുണ്‍ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ ലണ്ടനിലേക്ക് പോകുന്നുവെന്നും ജെയ്റ്റ്ലിയോട് പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ അടിയന്തര അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജെയ്റ്റ്ലി ധനമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.