കൊച്ചി:കടലിലെ സുരക്ഷ മുന്‍നിര്‍ത്തി വാണിജ്യകപ്പലുകള്‍ക്ക് രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് സുരക്ഷാ ഇടനാഴി ഒരുങ്ങുന്നു. വാണിജ്യ കപ്പലുകള്‍ മീന്‍പിടുത്ത ബോട്ടുകളുമായുള്ള കൂട്ടിയിടി ഒഴിവാക്കുക വഴി ജീവനു സുരക്ഷ ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. കടല്‍ തീരത്തു നിന്ന് 15 നോട്ടിക്കല്‍ മൈലിനും 20 നോട്ടിക്കല്‍ മൈലിനും ഇടയിലാണ് ഇടനാഴി. അന്താരാഷ്ട്ര സമുദ്ര വ്യാപാര നിയമങ്ങള്ക്കനുസൃതമായിട്ടായിരിക്കും ഇടനാഴിയുടെ രൂപകല്പന.
കടലിലുണ്ടാവുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമുണ്ടായതെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. മീന്‍പിടുത്ത തൊഴിലാളികളുടെ ജീവനോപാധികള്‍ സംരക്ഷിച്ചായിരിക്കും ഇടനാഴിയുടെ പ്രഖ്യാപനമുണ്ടാവുക. മീന്‍ ലഭ്യതയുള്ള ഇടങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.കേരളത്തിലെ മീന്‍പിടുത്ത ബോട്ടുകള്‍ രജിസ്ററര്‍ ചെയ്തിട്ടുള്ളവയാണെങ്കിലും തൊഴിലാളികള്‍ ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് തീരദേശസംരക്ഷണ സേന പറഞ്ഞു.
ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നിന്നാരംഭിച്ച് കാംബെ, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരള തീരം വഴി കന്യാകുമാരിയിലെത്തും വിധമാണ് ഇടനാഴിയുടെ രൂപകല്പന.