കാണ്‍പൂര്‍: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഐപിഎസ് സുരേന്ദ്രകുമാര്‍ ദാസ് ഉദ്യോഗസ്ഥന് മരിച്ചു. കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നാലു ദിവസമായി സുരേന്ദ്രകുമാറിന്റെ നില ഗുരുതരാവസ്ഥയിലായിരുന്നു. കാണ്‍പൂര്‍ സിറ്റി പോലീസ് സൂപ്രണ്ടാണ് സുരേന്ദ്ര കുമാര്‍ ദാസ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി.
ഇദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ മിക്കവയുടെയും പ്രവര്‍ത്തനം നിലച്ചിരുന്നതായി ഡോക്ടര്‍ വെളിപ്പെടുത്തി. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് മരിക്കാനുള്ള വഴികളെക്കുറിച്ച് അദ്ദേഹം ഗൂഗിള്‍ സെര്‍ച്ച് നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. കത്തി ഉപയോഗിച്ച് മരിക്കുന്ന വിധം, ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്ന കാര്യങ്ങളാണ് സുരേന്ദ്രകുമാര്‍ ദാസ് അന്വേഷിച്ചിരിക്കുന്നത്. അതായത് ആത്മഹത്യ ചെയ്യാന്‍ ഇദ്ദേഹം മാനസികമായി തയ്യാറെടുത്തിരുന്നു എന്ന് വ്യക്തമാകുന്നു. ലാപ്ടോപ്പും ഫോണും പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യത്തെക്കുറിച്ചുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചത്.
വളരെ നാളുകളായി സുരേന്ദ്ര കുമാര്‍ ദാസ് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. കുടുംബപ്രശ്നങ്ങളാണ് അദ്ദേഹത്തെ ആത്മഹത്യ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. വിദഗ്ധ ചികിതസ് നല്‍കുന്നതിന് വേണ്ടിയുള്ള മെഡിക്കല്‍ സംഘം എത്തിയിരുന്നു. എന്നാല്‍ അവര്‍ക്കും ഇദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഔദ്യോഗിക വസതിയില്‍ വച്ചാണ് വിഷം കഴിച്ച നിലയില്‍ കാണപ്പെട്ടത്.