ന്യൂഡല്‍ഹി: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. പ്രവേശനത്തിനുള്ള സ്റ്റേ വെള്ളിയാഴ്ച വരെ തുടരും.
ഇന്ന് വാദം കേള്‍ക്കുന്ന അവസാനത്തെ കേസായാണ് മെഡിക്കല്‍ പ്രവേശന കേസ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ ഷെഡ്യൂല്‍ ചെയ്തിരുന്നത്. എന്നാല്‍, ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഉച്ചക്ക് ശേഷം വാദം കേള്‍ക്കാന്‍ ഇരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റിയത്.
വയനാട് ഡി.എം, ഒറ്റപ്പാലം പി.കെ ദാസ്, തൊടുപുഴ അല്‍അസ്ഹര്‍, വര്‍ക്കല എസ്.ആര് എന്നീ മെഡിക്കല്‍ കോളജുകളിലേക്ക് പ്രവേശനത്തിന് അനുമതി നല്കിയ ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി ബുധനാഴ്ച സ്റ്റേ ചെയ്തത്.
ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സ്പോട്ട് അഡ്മിഷന് നിര്‍ത്തിവച്ചു. നാലു കോളജുകളിലായുണ്ടായിരുന്ന 550 എംബിബിഎസ് സീറ്റില്‍ 482 സീറ്റുകളിലേക്കും വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്നു.