ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ജിബിടി സമൂഹം. രാജ്യത്ത് അങ്ങോളമിങ്ങോളം ആഘോഷങ്ങള്‍ ആരംഭിച്ചു.
നൃത്തം ചവിട്ടിയും മധുരം വിതരണം ചെയ്തും 157 വര്‍ഷത്തെ വിലക്ക് തകര്‍ന്നതിനെ അവര്‍ ആഘോഷമാക്കി. സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഭരണഘടനയിലെ 377-ാം വകുപ്പില്‍ കോടതി ഭാഗികമായ മാറ്റമാണ് വരുത്തിയത്.
സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമര്‍ത്തലുകളും നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷണം. സ്വവര്‍ഗ ലൈംഗികതയെ ശിക്ഷിക്കാനുള്ള ക്രിമിനല്‍ കുറ്റമാക്കിയ കൊളോണിയല്‍ കാലഘട്ടത്തിലെ നിയമം റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത പൗരാവകാശം എന്ന നിലയിലേക്കാണ് ചരിത്രപരമായ വിധിയിലൂടെ മാറ്റം വന്നിരിക്കുന്നത്. കേസില്‍ നാല് വിധിപ്രസ്താവം ഉണ്ടെങ്കിലും ഏകാഭിപ്രായമാണെന്ന് വിധി ആദ്യം വായിച്ച ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.വ്യത്യസ്ത വ്യക്തിത്വങ്ങളെ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റീസ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.
ആരെ പങ്കാളിയായി സ്വീകരിക്കണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. ലൈംഗികതയുടെ പേരില്‍ ഒരു വ്യക്തി ഭയത്തോടെ ജീവിക്കേണ്ട സാഹചര്യം സമൂഹത്തിലുണ്ടാകരുത്. ജീവിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യമാണ് പരമപ്രധാനമെന്നും കോടതി വിധിച്ചു.