അജ്മീര്‍: കള്ളനെ പിടികൂടാന്‍ പോയ പോലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ച് നാട്ടുകൂട്ടം. മര്‍ദ്ദനത്തില്‍ അവശരായ ഉദ്യോഗസ്ഥരെ മുറിയില്‍ പൂട്ടിയിട്ടു. മോഷ്ടിക്കുകയും മറ്റുള്ളവര്‍ മോഷ്ടിച്ച വസ്തുക്കള്‍ വില്ക്കാന് സഹായിക്കുകയും ചെയ്യുന്നയാളെ കണ്ടെത്തി അറസ്റ്റു ചെയ്യാന്‍ എത്തിയതാണ് നാട്ടുക്കൂട്ടത്തെ ചൊടിപ്പിച്ചത്.
മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തില്‍ നാട്ടുകാരായ 70 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബക്രീദ് ആഘോഷങ്ങള്‍ക്കിടെ വ്യാപാരിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ കവര്‍ന്നയാളെ തിരക്കിയാണ് അന്വേഷണ സംഘം തിരുട്ടു ഗ്രാമത്തില്‍ എത്തിയത്. രാജസ്ഥാനിലെ അജ്മീറിലുള്ള കുച്ചില് ഗ്രാമത്തില്‍ വച്ചാണ് സംഭവം. മന്‍സൂര്‍ അലി എന്നയാളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരുമായി ഗ്രാമത്തില്‍ എത്തിയ സംഘം മന്‍സൂര്‍ അലിയുടെ വീട് കണ്ടെത്തിയിരുന്നു. പരിസരത്തുണ്ടായിരുന്നവരെ ചോദ്യം ചെയ്തതിന് പിന്നാലെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. അവശരായ പൊലീസുകാരെ നാട്ടുകാര്‍ മുറിയിലിട്ട് പൂട്ടി. മണിക്കൂറുകള്‍ക്ക് ശേഷം ഗാന്ധി നഗറില്‍ നിന്നെത്തിയ പൊലീസുകാരുടെ സംഘമാണ് ഇവരെ മോചിപ്പിച്ചത്.