ന്യൂഡല്‍ഹി: ഇന്ധന വിലക്കയറ്റം, രൂപയുടെ വിലയിടിവ് തുടങ്ങിയവയില്‍ പരിഭ്രാന്തി വേണ്ടെന്ന് ജനങ്ങളോട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇവയ്ക്കു കാരണം ആഭ്യന്തര പ്രശ്നങ്ങളല്ല, സ്വാഭാവിക പ്രതിഭാസമാണെന്നും അദ്ദേഹം പറയുന്നു. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് എല്ലാ സഹായവും കേന്ദ്രം നല്കി. പ്രതിരോധ സേനകളും കേരളത്തിലെ പൊതു സമൂഹവും വലിയ പങ്കാണ് രക്ഷാപ്രവര്‍ത്തനത്തില്‍ വഹിച്ചത്. ഇത് ഞങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പൂര്‍ണ്ണ പിന്തുണ കേന്ദ്രം നല്‍കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
എന്തെങ്കിലും മൂലധനം ഉള്ളവര്‍ക്കാണ് നഷ്ടം പറ്റിയിരിക്കുന്നത്. അവര്‍ക്ക് പുനര്‍നിര്‍മ്മാണത്തിന് ബാങ്കുകള്‍ ലോണുകള്‍ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ ഈ പരാമര്‍ശം. ഇനിയുള്ള പുനരധിവാസത്തിന് കൂടുതല്‍ കേന്ദ്രസഹായത്തിന് ചട്ടം പാലിച്ച് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണം.
താനും ആഭ്യന്തരമന്ത്രിയും കൃഷിമന്ത്രിയും ഉള്‍പ്പെട്ട സമിതി കൂടുതല്‍ സഹായം അനുവദിക്കും. ബാങ്കുകള്‍ക്ക് ഉദാരമായി വായ്പ നല്കാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ ഹൗസിംഗ് ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.