മധ്യപ്രദേശ്: നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിയ്ക്ക് പിന്നാലെ പശു രാഷ്ട്രീയത്തിലേയ്ക്ക് കാല്‍വെച്ച് കോണ്‍ഗ്രസും. ബിജെപിയുടെ ഗോമാതാ സ്നേഹത്തെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസിന്റെ രംഗപ്രവേശനം. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കമല്‍നാഥാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഗോമാതാ എന്ന് പറഞ്ഞ് നടക്കുന്നുവെന്നല്ലാതെ ബിജെപി, പശുക്കള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് കമല്‍ നാഥ് ചോദിച്ചു. ‘എവിടെയെല്ലാം അലഞ്ഞുതിരിഞ്ഞാണ് പശുക്കള്‍ ഭക്ഷണം കണ്ടെത്തുന്നത്. ബിജെപി എന്താണ് അവര്‍ക്ക് വേണ്ടി ചെയ്തത്? ഞങ്ങളെ അധികാരത്തിലെത്തിച്ചാല്‍ എല്ലാ പഞ്ചായത്തുകളിലും ഞങ്ങള്‍ പശുക്കള്‍ക്കായി ഗോശാലകള്‍ നിര്‍മ്മിക്കും.
ഇത് കോണ്‍ഗ്രസിന്റെ വാഗ്ദാനമാണ്.’- കമല്‍ നാഥ് പറഞ്ഞു. തെരുവില്‍ അലഞ്ഞുനടക്കുന്ന പശുക്കളുടെ കാര്യമാണ് പാര്‍ട്ടി സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓജെ പറഞ്ഞു. ‘ഗോമാതാവിന്റെ അവസ്ഥയൊന്ന് നോക്കൂ, പലപ്പോഴും മാലിന്യവും പ്ലാസ്റ്റിക്കുമാണ് അവര്‍ കഴിക്കുന്നത്’ ശോഭ ഓജെ ആരോപിച്ചു. ആകെ 90 ലക്ഷം പശുക്കള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഒന്നര ലക്ഷം പശുക്കളെ മാത്രമേ നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ പരിപാലിക്കുന്നുള്ളൂ.