ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച എസ് ഹരീഷിന്റെ നോവല്‍ മീശ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാവില്ലെന്ന് കോടതി പറയുന്നു. എഴുത്തുകാരന്റെ ഭാവനയും, വൈഭവും വിമര്‍ശകര്‍ മനസിലാക്കണമെന്നും ബഹുമാനിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
പുസ്തകത്തിന്റെ ഒരു ഭാഗവും വരികളും മാത്രം വിലയിരുത്തി കഥാപാത്രങ്ങളെയും കഥയെയും വിലയിരുത്തരുതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. മാതൃഭൂമിയിലാണ് ഹരീഷിന്റെ നോവല്‍ അച്ചടിച്ചു വന്നത്. അതിനു പിന്നാലെ കഥയിലെ വരികള്‍ ഉയര്‍ത്തി മതവികാരത്തെ വ്രണപ്പെടുത്തുകയാണെന്നവകാശപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.
പ്രതിഷേധങ്ങള്‍ക്കു പിന്നാലെ ഭീഷണി സ്വരവും കുടുംബത്തെ അപഹരിക്കും എന്ന നിലപാട് വന്നതോടെ ഹരീഷ് നോവല്‍ പിന്‍വലിച്ചു. എന്നാല്‍ ഇതിനെതിരെ ജനസമൂഹം രംഗത്തെത്തി. മീശ പിന്‍വലിക്കരുതെന്ന ആരവങ്ങളും ഉയര്‍ന്നു. ഇതു മാനിച്ച് ഡിസി ബുക്സ് മീശ എന്ന നോവല്‍ പബ്ലിഷ് ചെയ്യുകയായിരുന്നു. എന്നാല്‍ ബുക്കുകള്‍ വാങ്ങി വായിക്കപോലും ചെയ്യാതെ കത്തിച്ചു പ്രതിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.