ന്യൂഡല്‍ഹി: മക്കളില്ലാത്ത ദമ്പതികള്‍ക്ക് നവജാത ശിശുവിനെ വിറ്റ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് നവജാതശിശുക്കളെ വില്‍ക്കുന്ന സംഘം ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചത്. ദിവസങ്ങളും മണിക്കൂറുകളും മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ വരെ സംഘം വില്‍ക്കുന്നുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തില്‍ മക്കളില്ലാത്ത ദമ്പതികള്‍ എന്ന വ്യാജേനെ പോലീസ് ഉദ്യോഗസ്ഥര്‍ സംഘത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരന് ഉദ്യോഗസ്ഥര്‍ക്ക് കുഞ്ഞിനെ കൈമാറുകയും ചെയ്തു. ഇതോടെ ഇടപാടുകാരനെയും ഇയാളുമായി ബന്ധപ്പെട്ട ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ ആശുപത്രികളിലും മറ്റും നിന്ന് കുട്ടികളെ കടത്തുന്നതായാണ് പോലീസിന്റെ സംശയം. പ്രതികളുടെ പക്കലുണ്ടായിരുന്ന നാല് കുട്ടികളെ പോലീസ് രക്ഷപെടുത്തി. അതേസമയം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതായി ആരും തന്നെ പോലീസില്‍ പരാതിപ്പെടാത്തതും അന്വേഷണസംഘത്തെ ആശങ്കയിലാക്കുന്നു. മാതാപിതാക്കള്‍ തന്നെ കുഞ്ഞുങ്ങളെ സംഘത്തിന് വില്ക്കുന്നതാണോയെന്നും സംശയമുണ്ട്.