ന്യൂഹെവന്‍: എത്ര കഴിച്ചാലും ഇനി വണ്ണം വെയ്കുമെന്ന പേടി വേണ്ട, ആസ്വദിച്ച് ഭക്ഷണം കഴിക്കാം. ശരീരത്തിന് ഭാരം കൂടാതെ കൊഴുപ്പ് എത്രവേണമെങ്കിലും അകത്താക്കാന്‍ സഹായിക്കുന്ന മരുന്നിന്റെ പണിപ്പുരയിലാണ് യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍.
അമിതഭാരംമൂലം രോഗാവസ്ഥയിലായ എലികളിലെ പരീക്ഷണത്തില്‍ നടത്തിയ ജനിതക എഡിറ്റിങ്ങിനിടെയാണ് യാദൃശ്ചികമായി ഇത്തരമൊരു കണ്ടെത്തലിലേക്ക് ഗവേഷകരെത്തിച്ചേര്ന്നത്. ഇതിലൂടെ കൊഴുപ്പേറിയ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കൂടാതെ എലികള്‍ വളരുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
ഇതോടെയാണ്, മനുഷ്യര്‍ക്കും പ്രയോജനപ്പെട്ടേക്കാവുന്ന മരുന്നിന്റെ കണ്ടെത്തലിന് ഇതുപയോഗിക്കാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. വയറ്റുനുള്ളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുന്ന ജീനുകളെ ഇതോടെ ഇവര്‍ക്ക് കണ്ടെത്താനായി. ഈ ജീനുകളെ നിയന്ത്രിക്കാനായാല്‍, ശരീരഭാരം മാറ്റമില്ലാതെ തുടരാനാകുമെന്നും ഗവേഷകര്‍ മനസ്സിലാക്കി. ഫാറ്റി ആസിഡുകളെ നിയന്ത്രിക്കാന്‍ ഇവയ്ക്കാകുമെന്നും ഗവേഷകര്‍ പറയുന്നു.
തല്ക്കാലം എലികളില്‍ മാത്രമേ ഇത് പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍, കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടി തടിവെക്കുന്നത് തടയാനുള്ള മരുന്നായി മനുഷ്യര്‍ക്കും ഇതുപയോഗിക്കാനായേക്കുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ കാര്‍ഡിയോളജി പ്രൊഫസ്സര്‍ ആന്‍ ഈച്ച്മാന് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും ആന്‍ ഈച്ച്മാന് പറഞ്ഞു.