ന്യൂഡല്‍ഹി; നടി പ്രിയ വാര്യര്‍ക്കെതിരായ എഫ്ഐആര്‍ സുപ്രീംകോടതി റദ്ദാക്കി. അഡാറ് ലൗവിലെ വിവാദമായ മാണിക്യ മലരായ പൂവി എന്ന പാട്ടിനെതിരെ തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ആണ് സുപ്രീംകോടതി റദ്ദാക്കിയത്. ‘മാണിക്യമലരായ പൂവി’ എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു ഇസ്ലാമിനെ അധിക്ഷേപിക്കുന്നതാണെന്നും, അത് മതവികാരത്തെ അപമാനിച്ചെന്ന രീതിയിലുമായിരുന്നു പരാതി.
അതേസമയം, തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി നടത്തിയത്. സിനിമയില്‍ ആരെങ്കിലും ഒരു പാട്ട് പാടും. നിങ്ങള്‍ അതിനെതിരെ ഉടന്‍ കേസ് എടുക്കും. നിങ്ങള്‍ക്ക് മറ്റു ജോലി ഒന്നും ഇല്ലേയെന്ന് തെലങ്കാന സര്‍ക്കാരിനോട് കോടതി വാക്കാല്‍ ചോദിച്ചു.
പ്രവാചക ജീവിതം ആസ്പദമാക്കി രചിച്ച ഗാനത്തിന്റെ ചിത്രീകരണം അപഹാസ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു സഘം ആളുകള്‍ തെലങ്കാന പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത തെലങ്കാന പോലീസിന്റെ നടപടിയാണ് കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
സിനിമയിലെ പാട്ടിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും പോലീസില്ലെന്നും എഫ്ഐആര്‍ റദ്ദാക്കി കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രശസ്തമായ ഒരു ഗാനത്തിന്റെ ചിത്രീകരണത്തില്‍ കണ്ണു ചിമ്മുന്നത് ദൈവ നിന്ദയായി കാണാന്‍ ആകില്ല. ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും സംവിധായകന് ഒമര്‍ ലുലുവും നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.