പാലക്കാട്: വഞ്ചനാകുറ്റത്തിന് താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ വാങ്ങിയ മൂന്ന് കോടിയിലേറെ രൂപ തിരിച്ചു നല്‍കിയില്ലെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്.
തിരിവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2018ല്‍ റിലീസായ ‘കൂദാശ’ എന്ന സിനിമയുടെ നിര്‍മാണത്തിനായി കൈപ്പറ്റിയ 3.14 കോടി രൂപ തിരികെ നല്‍കിയില്ലെന്നാണു പരാതിയിലെ ആരോപണം. ബാബു രാജിനെ നായകനാക്കി ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കൂദാശ.
ചിത്രത്തിനായി ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി 2017ല്‍ വിവിധ ഘട്ടങ്ങളിലായാണു പണം നല്‍കിയത്. സിനിമ റിലീസായ ശേഷം പണവും ലാഭ വിഹിതവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.