‘ആകാശമായവളെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് കേരളക്കരയുടെ പ്രശംസ പിടിച്ചുപറ്റി സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് തൃശൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിലന്. മിലന്റെ പാട്ടിനെ നേരിട്ട് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകന് പ്രജീഷ് സെന്‍.
സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്ന മിലന്റെ വീഡിയോ കണ്ട പ്രജേഷ് സെന്‍ തന്റെ അടുത്ത ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കിയിരിക്കുകയാണ് ഈ കുരുന്നിന്. മിലന്റെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തില്‍ മിലന് പാടാന്‍ അവസരം നല്‍കും എന്നും അറിയിച്ചിരിക്കുകയാണ് സംവിധായകന്.
പ്രജീഷിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനായി 2021ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘വെള്ളം’. നിധീഷിന്റെ വരികളില്‍ ബിജിബാല്‍ ഈണമിട്ട ഗാനം ആരാധക ഹൃദയം കീഴടക്കിയതാണ്. ‘ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്, ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നത് സന്തോഷമാണ്.’- പ്രജേഷ് പറയുന്നു.
എന്നാല്‍ മിലന്റെ ശബ്ദം കണ്ണ് നനയിച്ചു. വീഡിയോ പകര്‍ത്തിയ മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ച് സന്തോഷം അറിയിച്ചു. അടുത്ത സിനിമയില്‍ മിലന് പാട്ട് പാടാന്‍ അവസരം നല്‍കുമെന്ന് അറിയിച്ചപ്പോള്‍ മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു എന്നും പ്രജേഷ് പറയുന്നു.