സിനിമാചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചി വൈപ്പിനില്‍ വെച്ച് ഇന്നലെയാണ് അപകടം ഉണ്ടായത്. കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, വിഷ്ണു ഗുരുതരാവസ്ഥയിലാണെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെടിക്കെട്ട് സിനിമയുടെ നിര്‍മാതാവ് ബാദുഷ. വിഷ്ണുവിന്റെ പരുക്ക് സാരമുള്ളതല്ലെന്നും അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ലെന്നും ബാദുഷ വ്യക്തമാക്കി. വിഷ്ണു എത്തിയാല്‍ സിനിമ വീണ്ടും ആരംഭിക്കുമെന്നും ബാദുഷ പറയുന്നു.
ബാദുഷയുടെ കുറിപ്പ്
ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിച്ച് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വെടിക്കെട്ട്’ന്റെ വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു.
തുടര്‍ന്ന് തന്നെ ആശുപത്രിയില്‍ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകള്‍ നടത്തിയിട്ടുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ നമ്മള് വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കും. പ്രാര്‍ത്ഥനക്കും, സ്നേഹത്തിനും, കരുതലിനും ഏവര്‍ക്കും നന്ദി