കൊച്ചി: കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 31ന് മുന്‍പ് സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണ സംഘം സമയം നീട്ടി ചോദിക്കില്ല. അതേസമയം, ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ കാവ്യ മാധവന് കേസില്‍ പ്രതിയാകില്ല.
സാക്ഷിയായി തുടരും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കവും അന്വേഷണസംഘം ഉപേക്ഷിച്ചു. അഭിഭാഷകരുടെ മൊഴി പോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്മാറ്റം. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണ സംഘം നേരത്തെ ആരോപിച്ചിരുന്നു.
also read: ഇന്ന് വ്യാപക മഴ, എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രത
അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമായിരിക്കും അധിക കുറ്റപത്രത്തില്‍ പ്രതിയാവുക. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.